Wednesday, December 20, 2006

നീരാട്ട് ..!


വൃശ്ചികം കുളിര്‍ന്ന് തുടങ്ങുമ്പോള്‍ അണകെട്ടിന് പലയിടും, അതുവരെ എന്നും രാവിലേയും വൈകുന്നേരവും പുഴയില്‍ കുളിച്ചിരുന്ന ഞങ്ങള്‍ പിന്നെ പുഴയില്‍ കുളിക്കില്ല,

നീരാടും !

Monday, December 18, 2006

അടയാളങ്ങള്‍


കുന്നിന്‍ മുകളിലും, മച്ചിലും, മുറ്റത്തും, തൊടിയിലും കളിച്ച് തന്നെ ഞങ്ങള്‍ തീര്‍ത്ത കുട്ടിക്കാലത്തിന് മൂകസാക്ഷിയായി ഇവിടെയൊരു കൊന്നമരമുണ്ടായിരുന്നു, അതീയിടെ കുറ്റിയറ്റു. ഓര്‍മ്മകളെ തിരിച്ചു പിടിക്കാനുള്ള അടയാളങ്ങളോരോന്നായി കാലം മായ്ചു കളയുകയാണ്. പത്തായപുരയുടെ അടുത്തുള്ള പുളിമരമിപ്പോഴും തലയെടുത്ത് നില്‍ക്കുന്നതാശ്വാസം. കാലത്തെ തോല്‍പ്പിക്കാന്‍ കുറെ അടയാളങ്ങള്‍ കുപ്പിയിലാക്കി ഞങ്ങള്‍ കുഴിച്ചുമൂടിയിട്ടുള്ളത് ആ പുളിമരച്ചോട്ടിലാണ്.

Thursday, November 30, 2006

സായാഹ്നത്തില്‍ ....


സായാഹ്നത്തില്‍ ജീവിതം ഒറ്റയ്ക്ക് താങ്ങാനാവാ‍ത്ത ഒരു

Wednesday, November 15, 2006

മതിലുകള്‍


ചാടിക്കടക്കാന്‍ പാകത്തിലുള്ള വേലിയായിരുന്നു ആദ്യം. അരമതില്‍ ആയപ്പോള്‍ ഇവിടെത്തെ പോലെ അവിടേയും സുഖം തന്നെയല്ലേ എന്ന് ഇടയ്ക്കിടയ്ക്ക് വിളിച്ച് ചോദിക്കുമായിരുന്നു. പിന്നെ ചാട്ടവും ഒച്ചയും കല്ലില്‍ തട്ടി താഴെവീണു.

കാസ്ട്രോ ആസ്പത്രിയില്‍ സുഖം പ്രാപിച്ച് വരുന്നുണ്ട്. ഗ്രാമീണ്‍ ബാങ്കിന് നോബേല്‍ സമ്മാനവും കിട്ടി. ലാറ പാകിസ്താനെതിരെ സെഞ്ച്വറി അടിച്ചു. ഇതിനിടയില്‍ എപ്പോഴോ ആണ് ഞാനറിയാതെ അപ്പുറത്തെ വീട്ടിലെ പ്രകാശന്‍ മരിച്ചത്.

Saturday, October 14, 2006

പേടി


ഇടവഴിയില്‍ കരിയിലകള്‍ക്ക് മീതേ എന്നും ഇരുട്ട് ഉറങ്ങിക്കിടക്കുന്നുണ്ടാവും. ഇരുട്ടില്‍ നിന്നും പ്രത്യക്ഷപ്പെട്ട് ചുണ്ണാമ്പ് ചോദിക്കാന്‍ ഇടയുള്ള സുന്ദരിയായ പ്രേതത്തെ പേടിയായിരുന്നു. കഥകള്‍ പലതും ഒളിപ്പിച്ച് വെച്ച കാവിന് കാവലിരിക്കുന്ന ഇലഞ്ഞി മരത്തേയും, മുടിയഴിച്ചിട്ട പനയേയും, വഴിതെറ്റിക്കുന്ന കുട്ടിച്ചാത്തനേയും പേടിയായിരുന്നു.

സ്വിച്ചിട്ട് വെളിച്ചം തെളിയാന്‍ തുടങ്ങിയപ്പോള്‍ ഇടവഴിയിലെ സുന്ദരിയായ പ്രേതം മാത്രമല്ല, പനയില്‍ സ്ഥിര താമസമാക്കിയിരുന്ന രക്ഷസ് വരെ ഓടിപ്പോയി. ആരേം പേടിക്കേണ്ടാത്ത കുട്ടികള്‍ കഥകളൊന്നും കേള്‍ക്കാതെ മിടുക്കരായി വളരുന്നുണ്ട്‌.

Friday, September 08, 2006

അമ്മയും മക്കളും

Wednesday, August 16, 2006

ഇബ്രാഹിം മുഹമ്മദ്

അരിഗോണികളുടെ കഥാകാരന്‍

പൊന്നാനി പുഴയും ഭാരത പുഴയും സംഗമിക്കുന്ന കഥാകാരന്റെ ദേശം

Thursday, August 10, 2006

അടുക്കള


കറുപ്പാണെനിക്കിഷ്ടം.

ഊതിയൂതി തി കത്തിച്ച്‌ അമ്മ കഞ്ഞി വേവിച്ചിരുന്ന അടുക്കളയുടെ ചുമരുകള്‍ക്ക്‌ കറുത്ത നിറമായിരുന്നു. ചാണകം മെഴുകിയ നിലത്ത്‌ ചമ്രം പടിഞ്ഞിരുന്ന്‌ കഞ്ഞികുടിക്കുമ്പോള്‍ തിളങ്ങുന്ന കണ്ണുള്ളവര്‍ കൂട്ടിരിക്കും.

Saturday, August 05, 2006

കണ്ടം കടന്ന് കവുങ്ങുകളുടെ ഇടയിലേക്ക്‌

Tuesday, July 11, 2006

പുല്ലിന്റെ അസ്തിത്വം“...ജീവ ചക്രത്തിന്റെ ആദിമകാലങ്ങളില്‍ പുല്ലുകളും അവയ്ക്കര്‍ഹമായ മിഴിവില്‍ നിലകൊള്ളുന്നുണ്ട്‌. പ്രതാപിയായ സസ്യങ്ങള്‍ക്കൊക്കെയും പുല്ലുകള്‍ നിര്‍ണ്ണായകമായ ഒരു തുടക്കമാണ്‌.വര്‍ണ്ണവൈവിധ്യമാര്‍ന്ന പൂക്കള്‍ക്കൊക്കെയും മുന്‍പ്‌,ഈ ഭൂതലത്തെ പച്കയണിയിച്ചത്‌ പുല്ലുകള്‍ മാത്രമായിരിക്കണം.യാത്രയെ പ്രതീകവല്‍ക്കരിക്കുന്ന പുല്‍മേടുകള്‍ കാടിന്റെ പ്രാരംഭമാണ്‌. കോടി വര്‍ഷങ്ങള്‍ക്കു മുമ്പ്‌ പുല്ലുകള്‍ ഈ ഭൂതലത്തെ അവാസയോഗ്യമാക്കിത്തീര്‍ത്തതതെങ്ങെനെയെന്ന്‌ നാം മറന്നുപോയിരിക്കുന്നു. അതിനാലാണ്‌, അത്തരം പാരിസ്ഥികമായ ഉറവിടങ്ങളെചൊല്ലിയുള്ള ഓര്‍മ്മ വെറുമൊരു ഗൃഹാതുരത്വം അല്ലാതാവുന്നത്‌.പുല്ലിനേയും പൂവിനേയും അവയുടെ സൌന്ദര്യാത്മകതയില്‍ നിന്നും വിടര്‍ത്തി മനസ്സിലാക്കുമ്പോള്‍, നാം സ്പര്‍ശിക്കുക ആ ആദിമതന്ത്രികളെയാണ്‌.പൂക്കുകയോ കായ്‌ക്കുകയോ ചെയ്യുന്നില്ലെങ്കില്‍ക്കൂടി പുല്ലും പ്രകാ‍ശസംശ്ലേഷണമാണ് അനുവര്‍ത്തിക്കുന്നത്‌. പച്ചപ്പ്‌ നമ്മേ ഉന്മേഷവാരാക്കുന്നത്‌, പ്രാണവായുവിന്റെ സമൃദ്ധിയാണെന്ന് നാം പെട്ടെന്ന്‌ ഓര്‍ക്കാനിടയില്ല.പില്‍ക്കാലം മൃഗങ്ങളെ ഇണക്കിവളര്‍ത്തിയുള്ള പുതിയ ജീവിതക്രമംങ്ങള്‍ക്ക്‌ പ്രേരകമായത്‌, ഇതേ പുല്‍മേടുകളാണ്‌. തളിര്‍ത്തു നില്‍ക്കുന്ന പുല്ലുകളിലൂടെയാണ്‌ സംസ്കൃതി അതിന്റെ അതിജീവനപാഠങ്ങള്‍ അനുശീലിച്ചത്‌.“

ഖാല്‍സയുടെ ജലസ്മൃതി: ആഷാമേനോന്‍

Thursday, June 29, 2006

വര്‍ഷമേഘം


കവിത : വൈലോപ്പിള്ളിയുടെ വര്‍ഷമേഘം

Monday, June 26, 2006

താളിലയില്‍ തങ്ങി നില്‍ക്കുന്നത്‌ ......


താളിലയില്‍ തങ്ങി നില്‍ക്കുന്നത്‌ ഓര്‍ത്തെടുക്കുമ്പോള്‍ കുളിരും എരിവുമുള്ള ഒരു കാലമാണ്‌. മണ്ണിര കിളച്ച്‌ പച്ച താളിലയില്‍ പൊതിഞ്ഞ്‌ ചേമ്പില കുടചൂടി പാട വരമ്പത്തൂടെ വെള്ളം ചവിട്ടിത്തെറിപ്പിച്ച്‌ ചൂണ്ടയിടാന്‍ പോയ കാലം. ബ്രാല്‌ കൊത്തി അത്താഴത്തിന്‌ ഉള്ളിയും തേങ്ങയും ഇട്ട്‌ വറ്റിച്ച, ഓര്‍ത്തെടുക്കുമ്പോള്‍ പോലും എരിയുന്ന ചൊക ചൊകന്ന മീന്‍ കറി കൂട്ടി ചോറുണ്ട കാലം.

Monday, June 05, 2006

ചന്തു നായര്‌"രാക്കൊണ്ടേന്നെ ഏടറോ പോന്ന്‌ ?" 1

മുട്ടോളം വെള്ളം കയറിയ കവുങ്ങിന്‍ തോട്ടത്തിലൂടെ മടക്കി കുത്തിയ ഒറ്റമുണ്ട്‌ ഒന്നുടെ ചുരുട്ടി കയറ്റി പിടിച്ച്‌ കടവാതില്‍ ഈമ്പിയിട്ട പഴുത്തടക്ക നോക്കി നടക്കുന്ന ചന്തു നായര്‌ അമ്മയുടെ ചോദ്യത്തിന്‌ കവുങ്ങിന്റെ മുകളിലേക്ക്‌ നോക്കിയിട്ട്‌ ഉത്തരം പറഞ്ഞു

" എന്തന്നിടോ ബേണ്ടേ എല്ലം പോവോലും......എല്ലം.. " 2

എല്ലാം അവസാനിക്കാറായി പോലും. ആരൊക്കെ എന്തൊക്കെ ചോദിച്ചാലും ചന്തു നായരുടെ ഉത്തരം ഇതു മാത്രമായിരിക്കും. ചിലപ്പോള്‍ ചന്തു നായര്‌ ഈ ഉത്തരം തന്നെ ചോദ്യമായും ചോദിച്ചെന്നിരിക്കും. ഉത്തരമാകുമ്പോള്‍ എല്ലാം അറിയുന്നവന്റെ ഭാവത്തില്‍ ഒരു പിറുപിറുപ്പും ചോദ്യമാക്കുമ്പോള്‍ ആസന്നമായ ഒരു പ്രളയകാലത്തില്‍ പിടിച്ചു നില്‍ക്കാന്‍ ഒരു കച്ചി തുരുമ്പു പോലും ബാക്കിയില്ലാത്തവന്റെ ദൈന്യതയും. എനിക്ക്‌ ഓര്‍മ്മ വെച്ച നാള്‍ മുതല്‍ ഞാന്‍ കേള്‍ക്കാന്‍ തുടങ്ങിയതാണ്‌ കേള്‍ക്കുന്നവനിലേക്കും ഒരു നിമിഷ നേരത്തേക്കെങ്കിലും പേടിയുടെ ഒരു ചെറു തരിപ്പ്‌ കടത്തിവിടാന്‍ പാകമായ ഈ വാക്കുകള്‍

.'മോളോട്ടി നോക്കിറ്റ്‌ കൂവല്ലോന്നും പോയി ബീവണ്ടായിനി " 3 . അമ്മ പറഞ്ഞൊഴിഞ്ഞു.

കക്കാട്ട്‌ ദേശത്തിന്‌ തികച്ചും അപ്രസക്തമായ ഒരു ജീവിതം. ചാലിന്റെ കരയിലും കണ്ടത്തിലും എന്തോ തെരഞ്ഞും, ചുണ്ടിലൊരു ദിനേശ്‌ ബീഡി തിരുകി വീടിന്റെ ഇറയത്ത്‌ അലോചനയില്‍ കാണാറുള്ള ചന്തു നായര്‌ എനിക്ക്‌ പ്രസക്തമായി തീര്‍ന്നത്‌ ഞാന്‍ എന്റെ ക്യാമറയുടെ ലെന്‍സിലൂടെ സുക്ഷിച്ചു നോക്കിയത്‌ കൊണ്ടു മാത്രമായിരിക്കാം.

1. രാവിലെ തന്നെ എങ്ങോട്ടാണ്‌
2. എന്തു ചെയ്യാന്‍, എല്ലാം അവസാനിക്കാന്‍ പോകുകയാണ്‌
3. മുകളിലേക്ക്‌ നോക്കി നടന്നിട്ട്‌ കുളത്തില്‍ പോയി വീഴരുത്‌.

ഗൂഗിള്‍ പേജില്‍

Sunday, June 04, 2006

കാവിലെ കലശം.

വലിയ ഭഗവതി തെയ്യം

നീലേശ്വരം മന്നം പുറത്ത്‌ കാവ്‌

ഇന്നലെ നിലേശ്വരം കാവിലെ കലശമായിരുന്നു. ഉത്തര മലബാറിലെ കളിയാട്ടങ്ങളുടെ കൊടിയിറക്കമാണ്‌ കാവിലെ കലശം. കാവിലെ കലശത്തോടെ മണ്ണിലിറങ്ങിയ ദൈവങ്ങളൊക്കേയും വിണ്ണിലേക്ക്‌ തിരിച്ചുപോകും എന്ന്‌ വിശ്വാസം. കാവായ കാവുകളിലൊക്കെ ചിലമ്പൊലിയും ചെണ്ടകൊട്ടും കേള്‍ക്കാനിനി അടുത്ത വര്‍ഷം വരെ കാത്തിരിക്കണം.

Tuesday, May 30, 2006

നട്ടുച്ച ഗുളികന്‍

നട്ടുച്ച നേരം. വലിയ പാറക്ക്‌ നടുവിലുള്ള കാട്ടില്‍ കലയപ്പാടിയും* കൂട്ടരും ചെണ്ട കൊട്ടി തുടങ്ങുന്നു.
ചെണ്ട മുറുകുമ്പോള്‍ കുറ്റിക്കാട്ടില്‍ നിന്നും മുഖപ്പാളയണിഞ്ഞ്‌ തിരിയോല ചുറ്റി കയ്യില്‍ കത്തിച്ച ചൂട്ടുമായി ഗുളികന്‍ പ്രത്യക്ഷപെട്ടു

നട്ടുച്ചയ്ക്ക്‌ പൊള്ളുന്ന ചൂടില്‍ ചൂട്ടുകത്തിച്ച്‌ ഗുളികന്‍ ഉറഞ്ഞാടുന്നു.

പിന്നെ പൈതങ്ങള്‍ക്ക്‌ അനുഗ്രഹം ചൊരിയുന്നു. ചിത്രത്തിലുള്ളത്‌ എന്റെ അമ്മയാണ്‌.
*തുളു ഭാഷ സംസാരികുന്ന തെയ്യം കലാകാരന്മാര്‍

Monday, May 15, 2006

ഇലയട

വാഴയില വെയിലില്‍ വാടുന്നത്‌ ഇലയട ഉണ്ടാക്കാനാണ്‌. വെന്ത ഇലയട അപ്പചെമ്പില്‍ നിന്നും പുറത്തെടുത്ത്‌ ഇലമാറ്റുമ്പോള്‍ കാറ്ററിയും സ്വാദാദ്യം, പിന്നെ മൂക്കും. കരിഞ്ഞ ഇല അടയില്‍ പറ്റിപ്പിടിച്ചിട്ടുണ്ടാകാം, അതടര്‍ത്തി മാറ്റാനുള്ളതല്ല, കൂടെ കഴിക്കാനുള്ളതാണ്‌.

Thursday, May 11, 2006

പുഴ കടന്ന്‌ മരങ്ങളുടെ ഇടയിലേക്ക്‌ .....

കാട്ടില്‍ നിന്നും വിറക്‌ വെട്ടി കരിപുരണ്ട ചുമരുകളുള്ള അടുക്കളയിലേക്ക്‌ .വിറക്‌ കത്തിച്ച്‌ കളിമണ്‍ കലങ്ങളില്‍ കഞ്ഞിവെച്ച്‌ ചിരട്ട കയില്‍ കൊണ്ട്‌ വിളമ്പും. കളിമണ്‍ കലങ്ങള്‍ക്ക്‌ പകരും പ്രഷര്‍ കുക്കറുകളും വിറകിനു പകരം ഗ്യാസും ഇനിയും എത്തിച്ചേര്‍ന്നിട്ടില്ലാത്ത കക്കാട്ട്‌ നിന്നുമൊരു മാറാത്ത ഗ്രാമീണ ജീവിത കാഴ്ച.

Monday, April 24, 2006

ഓര്‍മ്മ പൂക്കള്‍


ശവംനാറി പൂക്കള്‍

മഞ്ചാടി മണികള്‍ വീണു കിടക്കുന്ന ഇടവഴിയിലൂടെ കൂട്ടുകാരോടൊത്ത്‌ വാട്ടിയ വാഴയില പൊതിച്ചോറു മണക്കുന്ന പുസ്തക സഞ്ചി തോളിലിട്ട്‌ സ്കൂളിലേക്ക്‌ പോക്കുമ്പോള്‍ കയ്യാലമേലിരുന്ന്‌ വിട്ടുമുറ്റത്ത്‌ സ്ഥാനം നിഷേധിക്കപ്പെട്ട ശവംനാറി പൂക്കള്‍ ഒര്‍മ്മിപ്പിക്കും, സത്യപുല്ലിന്റെ കാര്യം. കയ്യാലമേലിന്ന്‌ സത്യപുല്ല്‌ പറിച്ച്‌ കയ്യില്‍ വെച്ചാല്‍ മാഷിന്റെ അടികൊള്ളില്ല എന്നു വിശ്വാസം. പലവട്ടം മറിച്ചായിട്ടും ഞങ്ങള്‍ മാത്രമല്ല, സഖാവ്‌ ബാലേട്ടന്റെ മകള്‍ ദീപ പോലും അങ്ങനെ വിശ്വസിച്ചിരുന്നു.

കാക്ക പു

നോക്കത്താ ദൂരത്തോളം പരന്നു കിടക്കുന്ന കറുത്ത പാറയുടെ നടുവിലായിരുന്നു ഞങ്ങളുടെ സ്ക്കൂള്‍. മഴക്കാലത്ത്‌ അങ്ങിങ്ങായി ഉറവപൊട്ടി തെളിനീരൊഴുക്കുന്ന പാറപ്പുറത്തിരുന്നാണ്‌ വീട്ടില്‍ നിന്നും വാട്ടിയ വാഴയിലയില്‍ പൊതിഞ്ഞ്‌ കൊണ്ടുവരുന്ന ചോറുണ്ണുക. ഓണകാലത്ത്‌ പാറ നിറയെ നീല നിറത്തിലുള്ള കാക്കപ്പു വിടരും. ചോറുണ്ട്‌ കഴിഞ്ഞാല്‍ നീരൊഴുക്കില്‍ നിന്നും കൈകഴുകി പൂപ്പറിക്കാന്‍ ഇറങ്ങും.

തുമ്പ പൂ

ഇട കിളച്ചിട്ട്‌ നീര്‍ച്ചാലൊഴുകുന്ന കവുങ്ങിന്‍ തോട്ടങ്ങളില്‍ കറുകപുല്ലിന്‌ കൂട്ടായി നിറയെ തുമ്പ പൂക്കള്‍. കൃഷിയിറക്കാത്തതില്‍ സങ്കടപെട്ട്‌ കഴിയുന്ന കണ്ടങ്ങളെ ആശ്വസിപ്പിക്കാനെന്നോണം തുമ്പ പൂക്കള്‍ കണ്ടം നിറയെ പൂക്കല്‍ വിടര്‍ത്തി കണ്ടത്തിന്‌ കൂട്ടുകിടന്നു. പറങ്കി മാവിന്‍ തോട്ടത്തിലലഞ്ഞ്‌ ചേന്നാര്‍വള്ളി കൊണ്ട്‌ മുറിഞ്ഞ മുറിവില്‍ തുമ്പ നീര്‌ പുരട്ടുമ്പോള്‍ നീറ്റല്‍കൊണ്ട്‌ കണ്ണില്‍ നിന്നും വെള്ളം വരുമായിരുന്നു, പിറ്റേന്ന്‌ വീണ്ടും പറങ്കിമാവിന്‍ തോട്ടത്തിലേക്ക്‌

നരേന്‍ പൂ

പൂരത്തിന്‌ ഒന്‍പത്‌ ദിവസം കിണറ്റിന്‍ കരയില്‍ മെടഞ്ഞ ഓലയില് ‍പെണ്‍കുട്ടികള്‍ പൂരം കുളിച്ച്‌ മൂന്നു പ്രാവശ്യം നരേന്‍ പൂവും ചെമ്പക പൂവും കൂട്ടി പൂവിട്ട്‌ പൂവിളിക്കും. ഒന്‍പതാം ദിവസം രാത്രില്‍ പടിഞ്ഞാറ്റയില്‍ നരേന്‍ പൂവും, ചെമ്പക പൂവും, മുരിക്കിന്‍ പൂവും കൊണ്ട്‌ കാമന്റെ രൂപം ഉണ്ടാക്കാന്‍ ആണ്‍കുട്ടികള്‍ക്കും സഹായിക്കാം. പൂരം പെണ്‍കുട്ടികളുടേതാണെങ്കിലും അമ്പലത്തില്‍ പൂരക്കളി വാല്യക്കാരുടെ വക.

കൊന്ന പൂ

കുറത്തി തെയ്യത്തിന്റെ പള്ളിയറയുടെ പിറകില്‍ ആരും കയറാത്ത കാവ്‌ തുടങ്ങുന്നിടത്തായിരുന്നു കൊന്നമരം. അന്തിത്തിരി മുടങ്ങി തെയ്യം കഴിപ്പിക്കാത്തതിലാകണം ഒന്നോ രണ്ടോ കുല പൂക്കള്‍, അത്രേ പൂക്കു. കുറത്തിക്ക്‌ മാത്രം കണി കാണാന്‍.

Friday, April 21, 2006

സന്ധ്യമയങ്ങും നേരം


"വയലുകള്‍ക്കപ്പുറം വാകപൂത്ത
വഴിയിലൂടന്തി മറഞ്ഞുപോയി
ചിറകു കുടയുന്നുതെന്നലാറ്റിന്‍
കരയിലെ വെള്ളിലത്തോപ്പിനുള്ളില്‍
ഇരുളിനെക്കാത്തു കിടക്കുമാലിന്‍
കരിനിഴലറിയാതുറക്കമായി..."
ആര്‍. രാമചന്ദ്രന്‍

കക്കാട്ടെ ഞങ്ങളുടെ ഒരു ദിവസം അവസാനിക്കുക പുഴയുടെ തീരത്താണ്‌. അമ്പലത്തില്‍ നിന്നും പാട്ടൊഴുകുന്നുണ്ടാവും. പാട്ട്‌ അവസാനിക്കുന്നിടത്ത്‌ സര്‍വചരാചരങ്ങളും നിഗൂഡമായൊരു നിശബ്ദതയിലേക്ക്‌ വഴുതി വീഴും. ഒഴുകാതെ നിന്ന്‌ മഴങ്ങുന്ന പുഴയില്‍ ഏതൊ തപസ്സിലെന്നപോലേ കവുങ്ങുകളുടേയും തെങ്ങോലകളൂടേയും രൂപം തെളിയും. ഒന്നവസാനിക്കുന്നിടത്ത്‌ മറ്റൊരു വിഷയം കുട്ടുപിടിക്കാന്‍ കുട്ടുകാരുണ്ടാകുമ്പോള്‍ സമയം പോകുന്നത്‌ പുഴയോ ഞങ്ങളോ അറിയാറില്ല. നിലാവ്‌ പെയ്ത്‌ പുഴ നിലാവില്‍ നനയുമ്പോള്‍ ഞങ്ങള്‍ കുളിക്കാനിറങ്ങി നിലാവിലും പുഴയിലും കുളിക്കും.

Tuesday, February 07, 2006

തുലാഭാരം

തുലാഭാരത്തട്ടില്‍ ഈ വാഴക്കുല ഒരു വാവയെ കാത്തിരിക്കുകയാണ്‌. അമ്മ കൂടെ ഇരിക്കാത്തതില്‍ കരഞ്ഞുകൊണ്ടിരിക്കുന്ന വാവയെ കാത്ത്‌

സ്ക്കൂളില്‍ പഠിക്കുന്ന സമയം. കളിയാട്ടം മുടിയെടുക്കുന്ന ദിവസം ഇളനീരുകൊണ്ടൊരു തുലാഭാരം. വിഷ്ണുമൂര്‍ത്തി തെയ്യത്തിന്റെ മുന്നില്‍ ഒരു തോര്‍ത്തു മുണ്ടുമാത്രമുടുത്ത്‌ തുലാഭാര തട്ടിലിരിക്കണം. നാളെ സ്ക്കൂളില്‍ പൊയാലുള്ള കളിയാക്കലുകള്‍ ഓര്‍ത്ത്‌ പത്തായപ്പുരയിലിരുന്നു. നേര്‍ച്ച മുടങ്ങും എന്നും പറഞ്ഞ്‌ അമ്മ കരയും എന്നായപ്പോ സമ്മതിക്കേണ്ടി വന്നു. എന്റെ ആദ്യത്തേയും അവസാനത്തേയും തുലാഭാരം.

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP